Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpaceDebris

ച​ന്ദ്ര​നി​ലേ​ക്ക് ഇടിച്ചിറങ്ങി സ്പേ​സ് എ​ക്സ് റോ​ക്ക​റ്റ് ഭാഗം: ഭാവി ദൗത്യങ്ങൾക്കു ഭീ​ഷ​ണി​യാകുന്ന ബഹിരാകാശ മാലിന്യങ്ങൾ

ന്ദ്രനിൽ വൻ കൂട്ടിയിടി സംഭവിച്ചിരിക്കുന്നു, മണിക്കൂറുകൾക്കു മുൻപ്..! ഭൂമിക്കു ദോഷകരമായി മാറുന്നില്ലെങ്കിലും ചന്ദ്രനിൽ ഇടിച്ചിറങ്ങിയ റോക്കറ്റിന്‍റെ കൂറ്റൻ അവശിഷ്ടം ഭാവിയിലെ ബഹിരാകാശ ഗവേഷണ മേഖലയിൽ വലിയ ചോദ്യങ്ങൾ ഉ‍യർത്തുന്നതായി ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു. ബ​ഹി​രാ​കാ​ശ​ത്ത് മാ​സ​ങ്ങ​ളാ​യി ​നി​യ​ന്ത്രണമില്ലാതെ ചുറ്റിത്തിരിയുന്ന സ്പേ​സ് എ​ക്സ് റോ​ക്ക​റ്റിന്‍റെ ഭീമാകാരമായ ഭാ​ഗമാണ് ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ അ​തി​വേ​ഗ​ത്തി​ൽ പ​തി​ച്ചത്. ഒ​രു വ​ലി​യ സ്കൂ​ൾ ബ​സി​ന്‍റെ വ​ലു​പ്പ​മു​ള്ള​തും 4,000 കി​ലോ​ഗ്രാമോളം ഭാ​ര​വമുള്ള ​റോ​ക്ക​റ്റിന്‍റെ ഭാഗം മ​ണി​ക്കൂ​റി​ൽ 8,690 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിലാണ് ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തിയത്. ച​ന്ദ്ര​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യി​ലു​ള്ള ഐ​ൻ​സ്റ്റീ​ൻ ഗ​ർ​ത്ത​ത്തി​ലാ​ണ് ​റോ​ക്ക​റ്റ് അ​വ​ശി​ഷ്ടം ത​ക​ർ​ന്നു​വീണത്. കൂട്ടിയിടിക്കുശേഷം ചന്ദ്രനിൽ എന്തൊക്കെ സംഭവിക്കുന്നുവെന്ന് നാസ നിരീക്ഷിക്കുകയാണ്.

 

2025 ജ​നു​വ​രി​യി​ലാ​ണ് ഫ​യ​ർ​ഫ്ലൈ എ​യ​റോ​സ്പേ​സി​ന്‍റെ (Firefly Aerospace) ലൂ​ണാ​ർ ലാ​ൻ​ഡ​റി​നെ​യും വ​ഹി​ച്ച് സ്പേ​സ് എ​ക്സി​ന്‍റെ ഫാ​ൽ​ക്ക​ൺ 9 (Falcon 9) റോ​ക്ക​റ്റ് കു​തി​ച്ചു​യ​ർ​ന്ന​ത്. ലാ​ൻ​ഡ​റി​നെ ച​ന്ദ്ര​നി​ലേ​ക്കു​ള്ള പാ​ത​യി​ൽ എ​ത്തി​ച്ച ശേ​ഷം, റോ​ക്ക​റ്റി​ന്‍റെ ര​ണ്ടാം ഘ​ട്ടം ബ​ഹി​രാ​കാ​ശ​ത്ത് ഉ​പേ​ക്ഷി​ക്കുകയായിരുന്നു. സാ​ധാ​ര​ണ​യാ​യി ഭൂ​മി​ക്ക​ടു​ത്തു​ള്ള ഭ്ര​മ​ണ​പ​ഥ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ക്ക​റ്റ് ഭാ​ഗ​ങ്ങ​ൾ ദൗ​ത്യ​ത്തി​നു ശേ​ഷം ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു പ്രവേശിച്ചശേഷം ക​ത്തി​യ​മ​രു​ക​യോ സ​മു​ദ്ര​ത്തി​ൽ പ​തി​ക്കു​ക​യോ ചെയ്യാം. എന്നാൽ, റോ​ക്ക​റ്റി​ന്‍റെ ഭാഗം ഭൂ​മി​യി​ൽനി​ന്ന് ഏ​റെ അ​ക​ലെ ബ​ഹി​രാ​കാ​ശ​ത്ത് ത​ങ്ങി​നി​ൽ​ക്കാ​ൻ ഇ​ട​യാ​യി. ഇ​ന്ധ​നം പൂ​ർണ​മാ​യും തീ​ർ​ന്ന​തോ​ടെ ഈ ​കൂ​റ്റ​ൻ ഇ​രു​മ്പു​ഭാ​ഗം അ​നി​യ​ന്ത്രി​ത ബ​ഹി​രാ​കാ​ശ മാ​ലി​ന്യ​മാ​യി മാ​റി.

മ​നു​ഷ്യ​ന്‍റെ നി​യ​ന്ത്ര​ണങ്ങൾക്കപ്പുറത്തു കിടന്ന ​റോ​ക്ക​റ്റ് ഭാ​ഗം ച​ന്ദ്ര​നി​ൽ പ​തി​ക്കു​ന്ന പാ​ത​യി​ലേ​ക്ക് എ​ത്തി​യ​തിനു പി​ന്നി​ൽ മറ്റു കാരണങ്ങളുമുണ്ട്. സൗ​ര​വാ​ത​ങ്ങ​ൾ, സൂ​ര്യന്‍റെയും ഭൂ​മി​യു​ടെ​യും ച​ന്ദ്ര​ന്‍റെ​യും സം​യു​ക്ത ഗു​രു​ത്വാ​ക​ർ​ഷ​ണ ബ​ല​ങ്ങ​ൾ എ​ന്നി​വ ചേ​ർ​ന്ന് റോക്കറ്റിന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തെ ക്ര​മേ​ണ ച​ന്ദ്ര​ന് അ​ഭി​മു​ഖ​മാ​യി തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

അ​തി​വേ​ഗ​ത്തി​ലു​ള്ള ഈ ​കൂ​ട്ടി​യി​ടി​യി​ൽ ച​ന്ദ്രന്‍റെ ഉ​പ​രി​ത​ല​ത്തി​ൽനി​ന്ന് വ​ൻ​തോ​തി​ൽ ധൂ​ളീ​പ​ട​ല​ങ്ങ​ൾ ഉ​യ​രും. സൂര്യ​പ്ര​കാ​ശം ത​ട്ടു​മ്പോ​ൾ ​പൊ​ടി​പ​ട​ല​ങ്ങ​ൾ തി​ള​ങ്ങു​മെ​ങ്കി​ലും ഭൂ​മി​യി​ൽനി​ന്ന് ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ടു കാ​ണാ​ൻ പ്ര​യാ​സ​മാണ്. ​ആ​ഘാ​തം കൊ​ണ്ട് ഭൂ​മി​ക്കോ മ​റ്റ് കൃ​ത്രി​മ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ക്കോ യാ​തൊ​രു​വി​ധ ഭീ​ഷ​ണി​യു​മി​ല്ലെ​ന്ന് നാസ വ്യ​ക്ത​മാ​ക്കു​ന്നു- ഇ​ത് അ​പ​ക​ടമൊന്നും സൃഷ്ടിക്കുന്നില്ല. എ​ങ്കി​ലും ബ​ഹി​രാ​കാ​ശ പേ​ട​ക​ങ്ങ​ളും അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​പേ​ക്ഷി​ക്കു​ന്ന​തി​ലെ അ​ശ്ര​ദ്ധ​യും ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യും ഇ​തു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നുവെന്ന് ബഹി​രാ​കാ​ശ നി​രീ​ക്ഷ​കർ ചൂണ്ടിക്കാണിക്കുന്നു.

ച​ന്ദ്ര​നി​ൽ മ​നു​ഷ്യ​നി​ർമി​ത വ​സ്തു​ക്ക​ൾ പ​തി​ക്കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ​ക്കാ​യും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ല​വും മു​ൻ​പും നി​ര​വ​ധി വ​സ്തു​ക്ക​ൾ ച​ന്ദ്ര​നി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യി​ട്ടു​ണ്ട്. 1970ൽ നാസയുടെ സാറ്റൺ 5, 2009ൽ നാസയുടെതന്നെ എൽക്രോസ്, 2019ൽ ഇന്ത്യയുടെ ചാന്ദ്രയാൻ (വി​ക്രം ലാ​ൻ​ഡ​ർ സോഫ്റ്റ് ലാൻഡിംഗിന് ശ്ര​മി​ക്കു​ന്ന​തി​നി​ടെ സാ​ങ്കേ​തി​ക ത​ക​രാ​റുകൊണ്ടു ത​ക​ർ​ന്നുവീഴുകയായിരുന്നു) തുടങ്ങിയ നിരവധി ഉപഗ്രഹങ്ങൾ, ഉപഗ്രഹഭാഗങ്ങൾ ചന്ദ്രനിൽ ഇടിച്ചിറക്കിയിട്ടുണ്ട്.

ഭാ​വി ദൗ​ത്യ​ങ്ങൾ
നാ​സ​യു​ടെ ആ​ർ​ടെ​മി​സ് പ​ദ്ധ​തി​യി​ലൂ​ടെ മ​നു​ഷ്യ​നെ വീ​ണ്ടും ച​ന്ദ്ര​നി​ലെത്തിക്കാനും, അ​വി​ടെ സ്ഥി​ര​മാ​യ ബ​ഹി​രാ​കാ​ശ നി​ല​യം സ്ഥാ​പി​ക്കാ​നു​മു​ള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്ന കാലഘട്ടമാണിത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, അ​ല​ഞ്ഞു​തി​രി​യു​ന്ന ബ​ഹി​രാ​കാ​ശ അ​വ​ശി​ഷ്ട​ങ്ങ​ൾ ഭാ​വി​യി​ലെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​ക്കും കോ​ടി​ക്ക​ണ​ക്കി​നു രൂപ വി​ല​മ​തി​ക്കു​ന്ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. വ​രും​കാ​ല​ങ്ങ​ളി​ൽ റോ​ക്ക​റ്റ് ഭാ​ഗ​ങ്ങ​ൾ ദൗ​ത്യ​ത്തി​നു ശേ​ഷം സു​ര​ക്ഷി​ത​മാ​യി ന​ശി​പ്പി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ കൃ​ത്യ​മാ​യ പാ​ത​യി​ലേ​ക്ക് മാ​റ്റി​വി​ടാ​നോ ഉ​ള്ള ക​ർ​ശ​ന​മാ​യ അ​ന്താ​രാ​ഷ്ട്ര മാ​ർഗ​നി​ർ​ദേശ​ങ്ങ​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

Latest News

Corehub Up